തൃശൂർ: വടക്കേക്കാട് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും പിടിയിൽ. പൊന്നാനി കടവനാട് സ്വദേശി മുക്രിയത്ത് കറുപ്പും വീട്ടിൽ അബ്ദുൾ നാസർ (59) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂലൈ 30ന് പുലർച്ചെയായിരുന്നു നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലറിയുടെ പിൻവശത്തെ ചുമർ കുത്തിത്തുരന്ന് കവർച്ച നടത്താൻ ശ്രമം നടന്നത്. ജ്വല്ലറിക്കുള്ളിൽ കടന്ന മോഷ്ടാക്കൾ ലോക്കറിലെ അലാറം ശബ്ദിച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കേസിലെ ഒന്നും മൂന്നും പ്രതികളായ സുഹൈൽ, നൗഷാദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒളിവിലായിരുന്ന അബ്ദുൾ നാസർ കൃത്യത്തിനുശേഷം ബംഗളൂരുവിലേക്ക് കടന്നതായാണ് പൊലീസ് കണ്ടെത്തിയത്. ബംഗളൂരുവിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായി കഴിയുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
അബ്ദുൾ നാസറിന്റെ പേരിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചാവക്കാട് സി.ഐ. എം.കെ. രമേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വടക്കേക്കാട് എസ്.എച്ച്.ഒ. ശരത് സോമൻ, എസ്.ഐ. ബിന്ദുരാജ്, എ.എസ്.ഐമാരായ കെ. സാജൻ, അൻവർ സാദത്ത്, എസ്.സി.പി.ഒ. ജിതിൻ, സി.പി.ഒ. പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




