തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണത്തിനൊരുങ്ങുന്നതിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം സംബന്ധിച്ച് ടിവിയിൽ കണ്ടിട്ടുള്ള വിവരം മാത്രമേ തനിക്കറിയൂ എന്ന് റിയാസ് പറഞ്ഞു. ജീവിതത്തിൽ താൻ കാണാത്തവരെ വെച്ചുപോലും കഥ മെനഞ്ഞിട്ടുണ്ടെന്നും, ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ വാർത്തകളെല്ലാം നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്കെതിരെ ഇഡി അന്വേഷണത്തെ മുൻപന്തിയിൽ നിന്ന് എതിർത്ത കോൺഗ്രസ്, കേരളത്തിൽ ഇഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് സ്വാഭാവികമായും സമൂഹം ചർച്ച ചെയ്യുമെന്ന് റിയാസ് ചൂണ്ടിക്കാട്ടി. കർണാടകയിൽ മന്ത്രിയുടെ വസതിയിൽ നടന്ന റെയ്ഡിനെ കോൺഗ്രസ് അതിശക്തമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയപരമായ കാര്യങ്ങൾ പാർട്ടി സെക്രട്ടറി സംസാരിക്കുമെന്നും കേസിന്റെ മറ്റ് വശങ്ങളിലേക്ക് തൽക്കാലം കടക്കുന്നില്ലെന്നും വ്യക്തമാക്കിയ റിയാസ്, നിയമപരമായ വശങ്ങൾ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അറിയിച്ചു. ആളുകളെ ഭയപ്പെടുത്തിയാണ് ഇഡി മൊഴിയെടുത്തതെന്നത് പലപ്പോഴും പുറത്തുവന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.




