തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. നാളെ തെക്കൻ ജില്ലകളിലും മറ്റന്നാൾ വടക്കൻ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ടായിരിക്കും.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23ന് വടക്കൻ ആന്ധ്രപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് സമീപം എത്താൻ സാധ്യതയുണ്ട്.
സെപ്റ്റംബർ 25 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, മഴ തുടരുന്നതിനിടെയും സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ മാറ്റമില്ല. വൈദ്യുതി ഉപഭോഗം ഉയർന്നുനിന്നാൽ ഇന്നും നിയന്ത്രണം ഉണ്ടായേക്കും. ദീർഘകാല കരാറിലൂടെ ലഭിക്കേണ്ട 380 മെഗാവാട്ടും സ്വാപ് വഴി ലഭിക്കേണ്ട 200 മെഗാവാട്ടും മുടങ്ങിയത് തിരിച്ചടിയായെന്ന് കെഎസ്ഇബി അറിയിച്ചു.




