തൃശൂരിൽ വീട്ടിൽ വൻ കവർച്ച. കൂർക്കഞ്ചേരിയിലെ ഹസൻ അലിയുടെ വീട്ടിൽ നിന്ന് 55 പവൻ സ്വർണവും മൂന്നര ലക്ഷം രൂപയും കവർന്നു.
മകന്റെ ശസ്ത്രക്രിയയ്ക്കായി കുടുംബം ആശുപത്രിയിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് മോഷ്ടാവ് വീട്ടിൽ കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്.
ഒരാൾ മതിൽ ചാടിക്കടന്ന് വീട്ടുവളപ്പിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അകത്ത് കയറിയതിന് പിന്നാലെ മോഷ്ടാവ് സിസിടിവി ക്യാമറ തകർത്തു. വീട്ടിലെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന നിലയിലാണ്.
മൂന്ന് അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. ഹസൻ അലിയുടെ ഭാര്യ, മകൾ, മരുമകൾ എന്നിവരുടേതായ 55 പവൻ സ്വർണമാണ് കവർന്നത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും മോഷണം പോയി.
രാവിലെ വീട്ടിൽ തിരിച്ചെത്തിയ കുടുംബമാണ് വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
തൃശൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.




