കൊച്ചി: ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതമായ ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’ ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ഭാവനാ സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് 15 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം പ്രേക്ഷകരിലേക്കെത്തിയത്.
ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായാണ് ‘സോൾ മേറ്റ്സ്’ എത്തുന്നത്. സിനിമയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഈ ഭാഗം ഇപ്പോൾ പൂർണരൂപത്തിൽ പുറത്തുവന്നിരിക്കുകയാണ്.
‘തേച്ചിട്ടുപോയ കാമുകിമാർക്കുള്ള സമർപ്പണം’ എന്ന രസകരമായ ടാഗ്ലൈനോടെയാണ് ഹ്രസ്വചിത്രം എത്തിയത്. ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ അതേ കഥാപാത്രങ്ങളെയും അഭിനേതാക്കളെയും ഉൾപ്പെടുത്തിയിരിക്കുന്നുവെന്നതും പ്രത്യേകതയാണ്. നിവിൻ പോളി ഉൾപ്പെടെ ചിത്രത്തിലെ താരങ്ങൾ 15 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിലുണ്ട്.
റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ യൂട്യൂബിലും സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ് ‘സോൾ മേറ്റ്സി’ന് ലഭിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ വ്യത്യസ്തമായ ക്രിയേറ്റീവ് പ്രൊമോഷൻ രീതിക്കും സിനിമാപ്രേമികളിൽ നിന്ന് അഭിനന്ദനമുണ്ട്.
അതേസമയം, മലയാള ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ചിത്രം ഒരാഴ്ചകൊണ്ട് 150 കോടി ക്ലബ്ബിൽ ഇടം നേടിയതായാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പുകൾ സെപ്റ്റംബർ നാലിന് തിയേറ്ററുകളിലെത്തും. ‘പ്രേമം’, ‘പ്രേമലു’ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ പുതിയ തരംഗം സൃഷ്ടിക്കാനാകുമോ എന്ന ആകാംക്ഷയിലാണ് സിനിമാലോകം.
‘പ്രേമം’ താരം നിവിൻ പോളിയും ‘പ്രേമലു’ സംവിധായകൻ ഗിരീഷ് എ.ഡിയും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. അന്യഭാഷാ റിലീസുകളിലും ചിത്രം ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്.




