മലയാള സിനിമയിലെ ജനപ്രിയ ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന് പിന്നാലെ നാലാം ഭാഗവും ഒരുങ്ങുന്നു. ‘ദൃശ്യം 3’ വൻ വിജയം നേടിയതിന് പിന്നാലെയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ നാലാം ഭാഗം പ്രഖ്യാപിച്ചത്.
മഴവിൽ മനോരമയുടെ അവാർഡ് വേദിയിലായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം. ‘ദൃശ്യത്തിന്’ ഉറപ്പായും നാലാം ഭാഗം ഉണ്ടാകുമെന്നും ഇത് തന്റെ മനസിൽ നിന്നുള്ള വാക്കുകളാണെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്ററുകളിലെത്തി വെറും 58 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംനേടിയ ‘ദൃശ്യം 3’ ആഗോള ബോക്സ് ഓഫീസിൽ 237.70 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് മാത്രം 90.21 കോടി രൂപയും കേരളത്തിന് പുറത്തുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഏകദേശം 37 കോടി രൂപയും ചിത്രം നേടി.
വിദേശ മാർക്കറ്റിൽ നിന്നും ഏകദേശം 109 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. വിദേശ കളക്ഷനിലും ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.
ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്കും ‘ദൃശ്യം 3’ എത്തി.
മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ദൃശ്യം’ മലയാള സിനിമയിലെ ക്രൈം ത്രില്ലർ വിഭാഗത്തിന് പുതിയൊരു ബെഞ്ച്മാർക്ക് സമ്മാനിച്ച ചിത്രമായിരുന്നു. ജോർജ്കുട്ടിയുടെയും കുടുംബത്തിന്റെയും അതിജീവന പോരാട്ടം പ്രേക്ഷകർ ഏറ്റെടുത്തതോടെ രണ്ടാം ഭാഗവും വലിയ വിജയമായി.
മലയാളത്തിന് പുറമെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം ആരാധകരിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.




