നിവിൻ പോളിയെയും മമിത ബൈജുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായി തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് 21ന് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
റോം-കോം ജോണറിൽ ഒരുങ്ങുന്ന ചിത്രം ഓണക്കാലത്ത് തിയേറ്ററുകളിൽ ചിരിയുടെ വിരുന്നൊരുക്കുമെന്നാണ് പ്രതീക്ഷ. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡിയാണ് സംവിധാനം. ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. ‘പ്രേമലു’വിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമാണം.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.
ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. അജ്മൽ സാബുവാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ.
ഓണം റിലീസുകളിൽ ശ്രദ്ധ നേടാൻ ഒരുങ്ങുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റിനായി’ പ്രേക്ഷകരും കാത്തിരിക്കുകയാണ്.




