കൊല്ലം: സുഹൃത്തുക്കളുമായി പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ചക്കുവള്ളി പള്ളിശ്ശേരിക്കൽ ചിറയുടെ തെക്കതിൽ ബാബു ആണ് ചക്കുവള്ളി ചിറയിൽ മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നുസംഭവം.
ചിറ നീന്തികടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി ബെറ്റ് വെച്ചത്. നീന്തൽ തുടങ്ങി അല്പ സമയം കഴിഞ്ഞപ്പോൾ തന്നെ ബാബു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. കൊല്ലത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തിരച്ചിൽ നടത്തിയത്.
സ്കൂബാ ടീം നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.




