തൃശ്ശൂർ മണലൂരിൽ കനത്ത മഴയ്ക്കിടെയുണ്ടായ ദുരന്തത്തിൽ യുവാവിന് ദാരുണാന്ത്യം. വീടിനു മുകളിൽ മരം വീണ് മണലൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം.
ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് ദുരന്തമുണ്ടായത്. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ 27 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. വിഷ്ണു ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ മുകളിലേക്കാണ് കനത്ത മഴയിൽ മരം ഒടിഞ്ഞുവീണത്.
ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞുനിൽക്കുന്നത് ഇന്നലെത്തന്നെ ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് മുൻകരുതലെന്നോണം വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ വിഷ്ണു ഈ വീട്ടിൽ തന്നെയാണ് രാത്രി കിടന്നുറങ്ങിയത്.
രാവിലെ വലിയ ശബ്ദത്തോടെ മരം വിഷ്ണു കിടന്ന മുറിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഏറെ പ്രയത്നിച്ചാണ് മരം മുറിച്ചുമാറ്റി വിഷ്ണുവിനെ പുറത്തെടുത്തത്. ഉടൻ തന്നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ഇപ്പോൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വലിയ ആശങ്കയിലാണ് മണലൂർ തീരപ്രദേശവാസികൾ.




