കോട്ടയം: പാലാ നഗരസഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് യുഡിഎഫ്. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിൻ്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നഗരസഭാ ഭരണം ഉറപ്പിച്ചത്. ചെയർപേഴ്സൺ സ്ഥാനം പങ്കുവെക്കാനും ധാരണയായി. ആദ്യ ടേമിൽ 21കാരി ദിയ പുളിക്കക്കണ്ടം പാലാ നഗരസഭാ ചെയർപേഴ്സണാകും. രാജ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയാണ് ദിയ.
26 അംഗ നഗരസഭയിൽ എൽഡിഎഫിന് പന്ത്രണ്ടു യുഡിഎഫിന് പത്തും അംഗങ്ങളെയാണ് ലഭിച്ചത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. സ്വതന്ത്രരെ കൂടെ കൂട്ടി നഗരസഭ ഭരിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 1985 ന് ശേഷം ഇതാദ്യമായി പാലാ നഗരസഭയുടെ ഭരണത്തിൽനിന്ന് കേരളാ കോൺഗ്രസ് എം പുറത്താകും.
പുളിക്കക്കണ്ടം കൂടുംബത്തിലെ മൂന്ന് പേർക്ക് പുറമെ കോൺഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുലിനെയും യുഡിഎഫ് ഒപ്പം ചേർത്തിട്ടുണ്ട്. ഇതോടെ യുഡിഎഫിൻ്റെ അംഗബലം 14 ആയി. മായാ രാഹുൽ നഗരസഭാ വൈസ് ചെയർപേഴ്സണുമാകും.




