കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നായി വെളളത്തിൽ വളർത്തുന്ന 14.7 കിലോ ഹൈഡ്രോപോണിക് വീഡ് പിടികൂടി. 14.7 കോടി രൂപയോളമാണ് ഇതിന്റെ വിപണി വില. രണ്ട് കേസുകളിലായി നാല് പേരെ പിടികൂടി. ഡിസംബർ 18-ന് ബാങ്കോക്കിൽ നിന്ന് അബുദാബി വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരെ കൃത്യമായ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡിആർഐ കൊച്ചി മേഖലാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ തടഞ്ഞു. ചെക്ക്-ഇൻ ബാഗേജുകൾ പരിശോധിച്ചതോടെ അനധികൃത വിപണിയിൽ 7.5 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ ഹൈഡ്രോപോണിക് വീഡ് കണ്ടെടുക്കുകയായിരുന്നു.
നിരന്തര നിരീക്ഷണം തുടരുന്നതിനിടെ ഡിസംബർ 23-ന് ബാങ്കോക്കിൽ നിന്ന് കരിപ്പൂരിലെത്തിയ ഇന്ത്യക്കാരനെ ഡി.ആർ.ഐ. കോഴിക്കോട് മേഖലാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ തടഞ്ഞു. ബാഗേജുകൾ പരിശോധിച്ചതോടെ ഭക്ഷണപ്പൊതികളെന്ന വ്യാജേന ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 7.2 കോടി രൂപ വിലമതിക്കുന്ന 7.2 കിലോ ഹൈഡ്രോപോണിക് വീഡ് കണ്ടെടുത്തു. നിരോധിത ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് നാല് പേരെയും 1985-ലെ എൻ.ഡി.പി.എസ്. നിയമ വ്യവസ്ഥകൾ പ്രകാരം അറസ്റ്റ് ചെയ്തു.
ലഹരി മരുന്ന് കടത്തിനെതിരെ നടത്തിവരുന്ന ‘ഓപ്പറേഷൻ വീഡ് ഔട്ട്’ പദ്ധതിയുടെ തുടർച്ചയായാണ് കേരളത്തിലെ വ്യോമപാതകൾ വഴി വെള്ളത്തില്‍ വളര്‍ത്തുന്ന വീര്യമേറിയ കഞ്ചാവ് കടത്തുന്നതുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങള്‍ കൂടി ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസ് കണ്ടെത്തിയത്. നടപ്പു സാമ്പത്തിക വർഷം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് കൊച്ചി മേഖലാ കേന്ദ്രം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഹൈഡ്രോപോണിക് വീഡ്, മെതാംഫെറ്റാമൈൻ, കൊക്കെയ്ൻ എന്നിവയുൾപ്പെടെ 61.7 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകളും മയക്കുമരുന്ന് പദാർത്ഥങ്ങളുമാണ് പിടിച്ചെടുത്തത്. വ്യത്യസ്ത കേസുകളിലായി 14 പേരെ അറസ്റ്റ് ചെയ്തു.




