ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ലാത്തതിനാൽ ഉപഭോക്താവിന് വൻ തുക നഷ്ട പരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കോടതി വിധി. വാഹന ഉടമക്ക് വാഹനം വാങ്ങിയതിനെക്കാൾ ഉയർന്ന തുക നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ കോടതി വിധി. മലപ്പുറം ചന്തക്കുന്ന് സ്വദേശി അബ്ദുൽ ഹക്കീമിന് അനുകൂലമായാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.
12 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അബ്ദുൽ ഹക്കീമിന് അനുകൂലമായി ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. 1,43,714 രൂപയാണ് കമ്പനി ഉപഭോക്താവിന് നൽകാൻ കോടതി വിധിച്ചത്. 79,400 രൂപക്ക് 2013 ഇൽ ആണ് അബ്ദുൽ ഹക്കീം ഇരുചക്ര വാഹനം വാങ്ങിയത്. കമ്പനി 70 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്തെങ്കിലും 50 ഇൽ താഴെയാണ് ലഭിച്ചത്.
വാഹനത്തിന് കേടുപാടുകൾ തുടർച്ചയായി വരികയും ചെയ്തിരുന്നു. ബൈക്കിൽ നിന്ന് പ്രത്യേക ശബ്ദവും കേട്ടിരുന്നു. കമ്പനി തകരാർ പരിഹരിക്കാതെ വന്നതോടെയാണ് അബ്ദുൽ ഹക്കീം കോടതിയെ സമീപിച്ചത്. പണം കൈപ്പറ്റി വാഹനം കമ്പനിക്ക് തിരികെ നൽകി.




