കാസർകോട്: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കാസർകോട് നടന്ന നൂറാം വാർഷിക ആഘോഷ ചടങ്ങിലാണു സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടു പ്രമേയം പാസാക്കിയത്. ശാസ്ത്രീയ പഠനങ്ങൾ നടത്തി ജില്ലാ പുനർനിർണയം അനിവാര്യമാണെന്നും കേരളത്തിന്റെ വർധിച്ചുവരുന്ന ജനസംഖ്യയും ഭരണനിർവ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ചു തീരുമാനം നടപ്പിലാക്കണമെന്നും പ്രമേയത്തില്‍ സമസ്ത ആവശ്യപ്പെട്ടു.
‘‘ജില്ലകളുടെ പുനർനിർണയം അനിവാര്യമായിരിക്കുകയാണ്. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. 39 പാർലമെന്റ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകൾ നിലനിൽക്കുന്ന തമിഴ്നാടിനെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കും. പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് അതു വേഗത കൂട്ടുകയും ചെയ്യും. ആയതിനാൽ, രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണയം യാഥാർഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് രംഗത്തിറങ്ങണം’’ – പ്രമയത്തിലൂടെ സമസ്ത ആവശ്യപ്പെട്ടു.
പ്രവാസികള്‍ നേരിടുന്ന അതിരൂക്ഷമായ യാത്രാ പ്രതിസന്ധികളെ കുറിച്ചും പ്രവാസിവോട്ടവകാശത്തെ കുറിച്ചും യോഗത്തിൽ പ്രമേയം പാസാക്കിയിട്ടുണ്ട്. ‘‘അവധിക്കാലങ്ങളിലും സീസണുകളിലും വിമാനക്കമ്പനികൾ നടത്തുന്ന ടിക്കറ്റ് നിരക്ക് വർധന പ്രവാസികളുടെ നട്ടെല്ലൊടിക്കുന്നതാണ്. ടിക്കറ്റ് നിരക്കിൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ അടിയന്തരമായി ഇടപെടണം. യാത്രാ മേഖലയിലെ കൊള്ള അവസാനിപ്പിക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണം. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ വിഷയത്തിൽ ഇടപെടണം’’ – പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.




