തിരുവനന്തപുരം: കോവിഡ് കാരണം നിര്‍ത്തിവച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം അടുത്ത അധ്യയനവര്‍ഷം തുടങ്ങുംമുമ്പ് പൂര്‍ത്തിയാക്കും. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും പുതിയ അപേക്ഷ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ട്രിബ്യൂണലിനെ സമീപിച്ചത്.
2021-22ലെ അപേക്ഷകരുടെ യോഗ്യത അനുസരിച്ച് താല്‍കാലിക പട്ടിക തയ്യാറായിട്ടുണ്ട്. ആകെയുള്ള ഒഴിവില്‍ പത്ത് ശതമാനം കമ്പാഷണേറ്റ്, 20 ശതമാനം പ്രിഫറന്‍ഷ്യല്‍ എന്നിങ്ങനെയാണ് നികത്തുന്നത്. വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ഈ ശതമാനം പുനരേകീകരിക്കണം എന്നാണ് ആവശ്യം. ഈ രീതിയിലേക്ക് മാറ്റിയാല്‍ കുറഞ്ഞ എണ്ണംമാത്രമുള്ള വിഷയങ്ങളിലെ അധ്യാപകര്‍ക്ക് സ്ഥലംമാറ്റം ലഭിക്കുന്നത് പ്രയാസമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.