തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കിയ ഥാര്‍ അങ്ങാടിപ്പുറം സ്വദേശിയ്ക്ക്. വിദേശ വ്യവസായിയായ വിഘ്നേഷ് വിജയകുമാറാണ് ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കിയത്. 43 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ഇതിന് പുറമേ ജിഎസ്ടിയും ദേവസ്വത്തിന് നല്‍കണം.
വിഘ്നേഷിന് വേണ്ടി സുഹൃത്തായ അനൂപ് ആണ് ലേലത്തില്‍ പങ്കെടുത്തത്. അനൂപിനൊപ്പം വിഘ്നേഷിന്റെ പിതാവും എത്തിയിരുന്നു. ആകെ 14 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. 15 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ഥാര്‍ ലേലം ആരംഭിച്ചത്. വിഘ്നേഷിനായി അനൂപ് 37 ലക്ഷം രൂപ ലേലം വിളിച്ചു. ഇതിന് പിന്നാലെ ലേലത്തില്‍ പങ്കെടുത്ത മഞ്ജുഷ 39 ലക്ഷം രൂപ ലേലം വിളിച്ചു. എന്നാല്‍ എസ്. രാജശേഖരന്‍ 40 ലക്ഷം രൂപ ലേലം വിളിക്കുകയായിരുന്നു. ഇവരെയെല്ലാം മറികടന്നാണ് 43 ലക്ഷം രൂപയ്ക്ക് വിഘ്നേഷ് ഥാര്‍ സ്വന്തമാക്കിയത്.
