കരിപ്പൂര്‍: വിമാന ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികം കടന്നെത്തുമ്പോള്‍ അപകട സമയത്ത് എല്ലാം മറന്ന് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ നാടിന് ആദരം അര്‍പ്പിക്കാന്‍ ഒരുങ്ങുക ആണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ കൂട്ടായ്മ. വിമാനത്താവളത്തിന് അടുത്തുള്ള ചിറയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഒരു കെട്ടിടം നിര്‍മിച്ച് നല്‍കാന്‍ ഒരുങ്ങുക ആണ് മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ സഹകരണത്തോടെ ഈ കൂട്ടായ്മ.
2020 ഓഗസ്റ്റ് 7 നു രാത്രി 8 ന് ആണ് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി വീണ് അപകടത്തില്‍ പെടുന്നത്. 6 ജീവനക്കാര്‍ അടക്കം 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് പൈലറ്റുമാര്‍ക്ക് പുറമെ 19 പേരുടെ ജീവന്‍ നഷ്ടമായി. 165 പേര്‍ക്ക് പരിക്ക് പറ്റി. കോവിഡ് നിയന്ത്രണങ്ങളും ഭീതിയും മറ്റ് അപകട സാധ്യതകളും വക വെക്കാതെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് ആണ് ദുരന്തത്തിന്റെ കുറച്ചത്.