കോഴിക്കോട്: ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വരികള്‍ ചേര്‍ത്ത് തന്റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായി സ്ഥാനാര്‍ത്ഥിയുടെ പരാതി. മുക്കം നഗരസഭ 18-ാം ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാറ കൂടാരമാണ് പരാതി നൽകിയത്. നിലവില്‍ കൗണ്‍സിലറായ സാറയ്ക്ക് 2020 നടന്ന തെരെഞ്ഞെടുപ്പിലും സമാന അനുഭവം നേരിട്ടിരുന്നു. പോസ്റ്ററില്‍ സാറാ കൂടാരത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ അബുല്‍ അഹ്ല മൗദൂദി, മുസ്ലിം ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ്തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഫോട്ടോകളാണ് ചേര്‍ത്തിരിക്കുന്നത്. ഏറ്റവും മുകളിലായി ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വരികളും ചേര്‍ത്തിരിക്കുന്നു. 2020-ല്‍ സമാന അനുഭവം നേരിട്ടപ്പോള്‍ ഇത് പ്രചരിപ്പിച്ച സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ മുക്കം പൊലീസ്, ജില്ലാ കലക്ടര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നവര്‍ക്ക് പരാതി നല്‍കുകയും മുക്കം പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണയും ഇത് ആവർത്തിക്കുകയാണ്.




