വണ്ടൂർ: ഇന്നു വണ്ടൂരിൽ തിരിതെളിഞ്ഞത് സംസ്ഥാനത്തെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന്. ജില്ലാ സ്കൂൾ കലോത്സവത്തിന്റെ റജിസ്ട്രേഷൻ ഇന്നലെ പൂർത്തിയായപ്പോൾ പങ്കെടുക്കുന്നവരുടെ എണ്ണം 11,301 ആയി. യുപി വിഭാഗത്തിൽ 2,250 പേരും ഹൈസ്കൂൾ വിഭാഗത്തിൽ 5,300 പേരും ഹയർസെക്കൻഡറി വിഭാഗത്തിൽ 3751 പേരുമാണു വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നവരേക്കാൾ കൂടുതലാണിത്. കൂടെയെത്തുന്ന അധ്യാപകരും രക്ഷിതാക്കളും പരിശീലകരും വിധികർത്താക്കളും നാട്ടുകാരും കൂടിയാകുമ്പോൾ ഇരുപതിനായിരത്തിലേറെ പേരാണ് ഇനി 5 ദിവസം കലോത്സവ വേദികളിലെത്തുക. വിവിധ വേദികളിലായി രാവിലെ 10 മുതൽ മത്സരങ്ങൾ തുടങ്ങി. വൈകിട്ട് 3.30ന് ഡപ്യൂട്ടി കലക്ടർ സ്വാതി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും.
ഗസൽ ഗായകൻ പ്രിയദർശൻ മുഖ്യാതിഥിയാവും. അധ്യാപക സംഘടനകളുടെ നേതൃത്വത്തിലുള്ള 16 കമ്മിറ്റികൾ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി ഡിഡിഇ പി.വി.റഫീഖ്, ഡിഇഒ വി.അനിത, ഗവ.വിഎംസി എച്ച്എസ്എസ് പ്രിൻസിപ്പൽ പി.ഉഷാകുമാരി, പ്രധാനാധ്യാപിക പി.ഉഷ, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ എം.അബ്ദുൽ ബഷീർ എന്നിവർ പറഞ്ഞു.




