മലപ്പുറം: ഥാര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പള്ളിക്കല്‍ ബസാര്‍ സ്വദേശി ധനഞ്ജയ് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. മലപ്പുറത്തെ കൊളപ്പുറം – കുന്നുംപുറം – എയര്‍പോര്‍ട്ട് റോഡില്‍ ചെങ്ങാനിക്കടുത്ത് തോട്ടശ്ശേരി മല്ലപ്പടിയിലാണ് അപകടമുണ്ടായത്.
കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട ഥാര്‍ ജീപ്പില്‍ ഉണ്ടായിരുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ നാട്ടുകാര്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, ധനഞ്ജയിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ ചേര്‍ന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്. കൂടെയുണ്ടായിരുന്ന ഹാഷിം, ഷമീം, ഫഹദ്, ആദര്‍ശ് എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ധനഞ്ജയ് മരിച്ചിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ഷമീമിനെ കോഴിക്കോട് കെഎംസിടിയിലേക്കും മാറ്റി. ഷെഗിജയാണ് ധനഞ്ജയുടെ അമ്മ. സഹോദരി: ദീക്ഷ.




