കോഴിക്കോട്: ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകള്‍. മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍
ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ എകെഎസ്ടിയു ഉള്‍പ്പെടെ സര്‍ക്കാരിന് കത്ത് നല്‍കി. പ്രതിദിനം പരമാവധി 40 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 50 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം.
ഈ മാസം 28 മുതല്‍ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയ ക്യാമ്പ് സംസ്ഥാന വ്യാപകമായി തുടങ്ങാനിരിക്കെയാണ് അധ്യാപകരുടെ സമര പ്രഖ്യാപനം. ഭാഷാ-മാനവിക വിഷയങ്ങളാണെങ്കില്‍ ഒരു ദിവസം 26 ഉത്തരക്കടലാസുകളും ശാസ്ത്ര വിഷയങ്ങളാണെങ്കില്‍ 40 ഉത്തരക്കടലാസുകളും മൂല്യനിര്‍ണയം നടത്തണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പുതിയ നിര്‍ദ്ദേശം അനുസരിച്ച് ഇത് യഥാക്രമം 34ഉം 50ഉം ആയി മാറി. അതായത് പരമാവധി 80 മാര്‍ക്കിന്റെ ഉത്തരക്കടലാസ് 10 മിനിറ്റുകൊണ്ട് മൂല്യനിര്‍ണയം നടത്തണമെന്ന് ചുരുക്കം. ഉത്തരങ്ങള്‍ വിശദമായി വായിച്ചുനോക്കാന്‍ പോലും പറ്റാത്ത ഈ രീതി അശാസ്ത്രീയമെന്നും മൂല്യനിര്‍ണയത്തിന്റെ നിലവാരം തകര്‍ക്കുമെന്നാണ് അധ്യാപകരുടെ പരാതി.