തൃശൂര്‍ വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്കൂള്‍ വളപ്പില്‍ പാമ്പുകടിയേറ്റു. അണലിയുടെ കടിയേറ്റ വടക്കാഞ്ചേരി ഗവ. ബോയ്സ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥി ആദേശിനെ (9) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍ കെട്ടിടം പൊളിച്ചു പണിയുന്നതിനാല്‍ ഇവിടുത്തെ നൂറോളം വിദ്യാര്‍ഥികളെ സമീപത്തെ ഗേള്‍സ് എല്‍ പി സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കുമരനെല്ലൂര്‍ അയ്യത്ത് അനില്‍ കുമാര്‍ – ദിവ്യ ദമ്പതികളുടെ മകനാണ് ആദേശ്.
രാവിലെ 9.45ന് സ്കൂള്‍ വളപ്പിലേക്ക് ബസില്‍ വന്നിറങ്ങുമ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അധികം വലുപ്പമില്ലാത്ത പാമ്പായിരുന്നെന്നു മറ്റു കുട്ടികള്‍ പറഞ്ഞു. സ്കൂള്‍ മുറ്റം പൂര്‍ണമായി ശുചീകരിച്ചിരുന്നില്ല. കുട്ടി അപകടനില തരണം ചെയ്തു. നിലവില്‍ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.