പാലക്കാട്: ആര്‍എസ്എസ് നേതാവ് എസ് കെ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.പ്രതികളെല്ലാം പാലക്കാട് കേന്ദ്രീകരിച്ചുള്ളവരാണെന്നാണ് വിവരം. പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മൂന്ന് ബൈക്കുകളിലായി ആറു പേരാണ് കൊലപാതകത്തിനായി എത്തിയത്.കൊലയാളികള്‍ സഞ്ചരിച്ച മൂന്ന് ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്ക്. ഇവര്‍ വായ്പയെടുക്കാനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയതാണ്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ശ്രീനിവാസനെ ലക്ഷ്യം വച്ചല്ല അക്രമി സംഘം വന്നതെന്നാണ് പൊലീസിന്റെ നിഗമനം. സുബൈറിനെ കൊന്നതിന്റെ പ്രതികാരമായി ഒരാളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വന്ന സംഘം, ശ്രീനിവാസനെ കൊല്ലുകയായിരുന്നെന്നാണ് പൊലീസ് വിലയിരുത്തല്‍.അതേസമയം, 10 എസ്ഡിപിഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ആക്രമണമോ പ്രത്യാക്രമണമോ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടി.
ശ്രീനിവാസന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ പുരോഗിമിക്കുകയാണ്. അതിനു ശേഷം വിലാപ യാത്രയായി മൃതദേഹം കണ്ണകി നഗര്‍ സ്‌കൂളിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രണ്ട് മണിക്ക് കറുകോടി ശ്മശാനത്തില്‍ സംസ്‌കരിക്കും.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ 20ന് വൈകീട്ട് ആറ് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്.