സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സൂഷ്മ പരിശോധനയ്ക്കുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പത്രിക പിൻവലിക്കേണ്ട അവസാന ദിവസം തിങ്കളാഴ്ചയാണ്. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.
ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 1,08,580 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ലഭ്യമായ പത്രികളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പരിശോധനയ്ക്കുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർമാർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചക്ക് ശേഷമാകും അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളിൽ മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും.
അതേസമയം, തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം അവസാനിക്കുമ്പോഴും മുന്നണികൾ വിമത സ്ഥാനാർത്ഥികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അവസാനഘട്ട ചർച്ച നടത്തി 24ന് മുമ്പ് ഇവരുടെ നാമനിർദ്ദേശപത്രിക പിൻവലിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ.




