തൃശൂര്‍: സംസ്ഥാനത്തെ ആദ്യത്തെ റോബോട്ടിക് പാര്‍ക്ക് തൃശൂരില്‍. വിനോദവും വിജ്ഞാനവും പുതിയ തൊഴിലവസരങ്ങളുമെല്ലാം ഒരുങ്ങുന്ന പാര്‍ക്കിന്റെ ധാരണാ പത്രം ഒപ്പിട്ടു. സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ കോവളത്ത് സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സമ്മേളനത്തില്‍ വച്ചാണ് ഇന്‍കര്‍ റോബോട്ടിക്‌സുമായി ധാരണാപത്രം കൈമാറിയത്.
റോബോ പാര്‍ക്ക് വരുന്നത് തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ കൈവശം രാമവര്‍മ്മ പുരത്തുളള ഭൂമിയിലാണ്. 10 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ഒരുങ്ങുന്നത്. ആധുനിക സാങ്കേതിക വിദ്യാ വികാസങ്ങളെ അടുത്തറിയുന്ന രീതിയിലാണ് പാര്‍ക്ക് സജ്ജമാകുന്നത്. റോബോട്ടിക് – എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നൂതന പരീക്ഷണങ്ങള്‍ പാര്‍ക്കിലൊരുക്കും. യുവതലമുറയെ ശാസ്ത്രം എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കഴിയും വിധമാണ് പാര്‍ക്കൊരുക്കുന്നത്. പുതിയ സ്റ്റാര്‍ട്ട് അപ്പുകളുടെ തുടക്കവും ഇതുവഴി ലക്ഷ്യമിടുന്നു. ഇന്‍കര്‍ എന്ന കമ്പനിയാണ് റോബോ പാര്‍ക്കൊരുക്കുന്നത്. കമ്പനിയാണ് സംരംഭത്തിനുള്ള പണം മുടക്കുന്നത്.
റോബോ പാര്‍ക്കിലെ നിക്ഷേപം 350 കോടിയാണ്. ആദ്യ ഘട്ടത്തില്‍ 50 കോടിയാണ് കമ്പനി മുടക്കുന്നത്. പ്രവേശന ഫീസില്‍ നിന്നാണ് തിരികെയുള്ള വരുമാനം കമ്പനി പ്രതീക്ഷിക്കുന്നത്. പൂര നഗരം പുതിയ പാര്‍ക്കോടെ ടെക്‌നോളജി നഗരവുമായി മാറുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
കോവളത്ത് നടക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബലില്‍ യുവ സംരംഭകരുടെ നൂറു കണക്കിന് ആശയങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ മേഖലകളുടെയും വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടും വിധമുള്ള ഗവേഷണങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തണമെന്ന് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.