വിജയ് ചിത്രം ജനനായകന്റെ റിലീസ് ഇനിയും വൈകും. CBFC സർട്ടിഫിക്കറ്റ് കേസ് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന് വിട്ടു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. ജനനായകന് അനുകൂലമായ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കുകയും ചെയ്തു. സിബിഎഫ്സിയ്ക്ക് കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ സമയം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
സിബിഎഫ്സിയ്ക്ക് കൌണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ നേരത്തെ സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്നില്ലെന്ന് സെൻസർ ബോർഡ് വാദിച്ചു. ഡിവിഷൻ ബെഞ്ച് ഇക്കാര്യം നേരത്തെ അംഗീകരിച്ചിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇത് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിബിഎഫ്സിയ്ക്ക് കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ സമയം നൽകി കൃത്യമായി വാദം കേൾക്കമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ജനുവരി 9നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ഇതിന് പിന്നാലെയായിരുന്നു സിനിമ കോടതി കയറുന്നത്. ആദ്യം കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചിലേക്ക് തന്നെയാന് കേസ് വീണ്ടും എത്തുന്നത്. വളരെ വേഗത്തിൽ കേസ് പരിഗണിക്കാനാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. എന്നാൽ കേസിൽ ആദ്യം മുതൽ വാദം കേൾക്കേണ്ടതിനാൽ ചിത്രത്തിന്റെ റിലീസ് ഇനിയും നീളാനാണ് സാധ്യത കൂടുതൽ.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും അകാരണമായി സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്നുവെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് വാദിക്കുന്നത്. ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടുള്ള സിബിഎഫ്സി ചെയർമാന്റെ നിർദേശത്തെ പ്രൊഡ്യൂസേഴ്സ് ചോദ്യം ചെയ്തില്ലെന്നുമായിരുന്നു സിബിഎഫ്സിയുടെ വാദം. ഈ മാസം 20ന് തന്നെ സുപ്രീംകോടതി നിർദേശ പ്രകാരം കേസിലെ വാദം ഡിവിഷൻ ബെഞ്ച് പൂർത്തിയാക്കിയിരുന്നു.




