കലാ-കായിക രംഗത്തെ മികവിനും ജീവൻരക്ഷാ പ്രവർത്തനത്തിലെ മാതൃകയ്ക്കും ആദരവുമായി മോസ്കോ ജനകീയ വേദിയും സി.പി.ഐ.എം മോസ്കോ ബ്രാഞ്ചും. കേരള സ്കൂൾ കലോത്സവത്തിലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അനാമിക ഉൾപ്പെടെ നാല് പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. മോസ്കോ ജനകീയ വേദിയിൽ വെച്ച് നടന്ന ചടങ്ങ് വാർഡ് മെമ്പർ ദിവ്യ ആനന്ദ് ഉദ്ഘാടനം ചെയ്തു.
നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളെ നെഞ്ചോട് ചേർക്കുന്നതായിരുന്നു മോസ്കോയിൽ നടന്ന ആദരിക്കൽ ചടങ്ങ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടക മത്സരത്തിലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അനാമികയെയും, ബഡ്സ് തില്ലാന കലോത്സവത്തിൽ പ്രച്ഛന്ന വേഷത്തിൽ ഒന്നാം സ്ഥാനം നേടിയ ഫൈസൽ ബാബുവിനെയും ചടങ്ങിൽ അനുമോദിച്ചു.
ഷാവോലിൻ കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ അനിരുദ്ധും, അപകടത്തിൽപ്പെട്ടയാളെ രക്ഷാപ്രവർത്തനത്തിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന സുരേഷും നാടിന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി.

അൻവർ സാദത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. മുഹമ്മദുണ്ണി, സൈഫുദ്ദീൻ, അബ്ദുൾ ജലീൽ, ദിവ്യ ആനന്ദ്, സുരേഷ് കുമാർ എന്നിവർ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. സദാനന്ദൻ, ശശിധരൻ, ബിജുമോൻ, ഇബ്രാഹിം കുട്ടി, സലീം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ശിവശങ്കരൻ കൃതജ്ഞത രേഖപ്പെടുത്തി.




