കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 10.30ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങില്‍ പങ്കെടുത്തു. മുണ്ടും ഷര്‍ട്ടും വേഷ്ടിയും ധരിച്ച് കേരളീയ തനിമയിലാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയത്. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു.
സത്യപ്രതിജ്ഞക്ക് മുന്‍പ് നിയുക്ത ഗവര്‍ണര്‍ക്ക് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കഴിഞ്ഞദിവസം വൈകിട്ടോടുകൂടിയാണ് ആര്‍ലേക്കര്‍ കേരളത്തില്‍ എത്തിയത്.
ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ബിഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആര്‍ലേക്കര്‍. പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1980കളില്‍ തന്നെ ഗോവ ബിജെപിയില്‍ സജീവ സാന്നിധ്യമായിരുന്നു.
ഗോവ മന്ത്രിസഭയ്ക്ക് കടലാസ് രഹിത അസംബ്ലിയെന്ന നേട്ടം നല്‍കിയത് ആര്‍ലേക്കറിന്റെ ഇടപെടലിലൂടെയായിരുന്നു. 2015ല്‍ ഗോവ മന്ത്രിസഭ പുനസംഘടനയില്‍ ആര്‍ലേക്കര്‍ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായി നിയമിതനായത്. പിന്നീട് 2023ല്‍ ബിഹാര്‍ ഗവര്‍ണറായി നിയമിതനായി.