എം.എല്‍.എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. മുന്നണി മാറ്റവും തുടര്‍ച്ചയായ വാര്‍ത്ത സമ്മേളനങ്ങളും, വെല്ലുവിളിയും ജയില്‍ വാസവും നിറഞ്ഞ് രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ പിവി അന്‍വര്‍ എം.എല്‍.എ സ്ഥാനം ത്യജിച്ചിരിക്കുകയാണ്. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കര്‍ എ.എന്‍ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എം.എല്‍.എ ബോര്‍ഡ് മറച്ചാണ് അന്‍വര്‍ നിയമസഭയിലെത്തിയത്.
എം.എല്‍.എ സ്ഥാനം രാജിവച്ച് രക്തസാക്ഷി പരിവേഷത്തിനാണ് ശ്രമമെങ്കിലും മറ്റു വഴികള്‍ ഇല്ലാതെയാണ് രാജി. തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് രാജി നീക്കത്തിലേക്ക് അന്‍വര്‍ കടന്നത്. സ്വതന്ത്ര എം.എല്‍.എക്ക് മറ്റു പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സമാണ് പ്രശ്‌നം. അയോഗ്യത വന്നാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നില്‍കണ്ടാണ് അന്‍വറിന്റെ രാജി തീരുമാനം.
അന്‍വറിന്റെ നേരത്തെയുള്ള പ്രഖ്യാപനം ഈ നിയമസഭ കാലയളവ് തീരും വരെയും എംഎല്‍എയായി തുടരുമെന്നായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത പി.വി അന്‍വര്‍ അയോഗ്യത നേരത്തെ അറിഞ്ഞിരുന്നില്ല എന്നാണ് സൂചന. പിന്നാലെ അംഗത്വം എടുത്തില്ല എന്ന വാദം നിരത്തിയെങ്കിലും അത് പൊളിഞ്ഞു.