തിരുവനന്തപുരം: ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഐഎഫ്എഫ്‌കെ വേദിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകരും ചലച്ചിത്ര പ്രേമികളും. ചലച്ചിത്രമേളയുടെ മുഖ്യവേദിയായ ടാഗോര്‍ തീയറ്ററിന് മുമ്പിലാണ് നൂറോളം വരുന്ന സിനിമാ ആസ്വാദകര്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.
തട്ടമണിഞ്ഞാണ് എഴുത്തുകാരി ഡോ. ജെ ദേവികയടക്കമുള്ളവര്‍ ഐക്യദാര്‍ഢ്യം അറിയിച്ചത്. ഈയൊരു വസ്ത്രത്തിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ക്കൊപ്പമാണ് തങ്ങളെന്ന് ജെ ദേവിക പ്രഖ്യാപിച്ചു. മതേതരത്വം പറയുന്നവര്‍ പോലും ഹിജാബിനെ എതിര്‍ക്കുന്നതിലൂടെ സംഘ്പരിവാറിന്റെ താല്‍പര്യങ്ങളോട് ഐക്യപ്പെടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മുസ്ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനുള്ള മൗലികാവകാശമാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഈ മതവിവേചനം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും ഐക്യദാര്‍ഢ്യ സംഗമം പ്രഖ്യാപിച്ചു. ഹിജാബ് നിരോധന വിധി സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്.
ഇത് ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി കാണുന്നത്, അല്ലെങ്കില്‍ കര്‍ണാടകയിലെ മാത്രം പ്രശ്നമാക്കി മാറ്റുന്നത് ചിലര്‍ക്ക് സൗകര്യമായിരിക്കും. ഹിജാബ് ധരിക്കുന്നത് മതത്തില്‍ നിര്‍ബന്ധമുള്ള കാര്യമല്ല എന്നാണ് കോടതി പറയുന്നത്. എന്നാല്‍ കുറി തൊടുന്നത് മതപരമായ വിശ്വാസത്തിന് ആവശ്യവുമാണ്. വിവേചനമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.