ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളും അറസ്റ്റില്‍. തൃശ്ശൂര്‍ പെരുമ്പിലാവിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ആലപ്പുഴയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യഹിയയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയ വാഹനം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. പത്തു വയസ്സുകാരന്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിലെ മുഖ്യ സംഘാടകനായിരുന്നു യഹിയ തങ്ങള്‍. ഇതിനു പുറമെ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഹൈക്കോടതി ജഡ്ജി അടക്കമുളളവര്‍ക്കെതിരെ ഇയാള്‍ മോശം പരാമര്‍ശം നടത്തിയിരുന്നു.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ അഞ്ച് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ കൊച്ചിയില്‍ നിന്നും ഒരാളെ ആലപ്പുഴയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.