തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ അഭിപ്രായം പരിഗണിച്ച് ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. യോഗ്യരായവരെ നിയമിക്കാനുള്ള സംവിധാനം ഒരുക്കും. നിയമനം സംബന്ധിച്ച് മുസ്ലിം സമുദായ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണ്. നിയമനം പിഎസ്സിക്ക് വിടണമെന്ന ആവശ്യം ഉയര്‍ന്നുവന്ന ഘട്ടങ്ങളിലൊന്നും എതിര്‍പ്പ് ഉണ്ടായിട്ടില്ല.
2016 ജൂലൈ 19ന് ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. സബ്ജക്ട് കമ്മിറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയില്‍ വിഷയത്തില്‍ ചര്‍ച്ച നടന്നപ്പോഴും പിഎസ്സിക്ക് വിടരുതെന്ന വാദം ആരും ഉന്നയിച്ചില്ല. ഗവര്‍ണര്‍ ഒപ്പുവച്ച് നിയമം വന്നശേഷമാണ് ആവശ്യം ഉയര്‍ന്നത്. വഖഫ് ബോര്‍ഡില്‍ നിലവിലുള്ള താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയശേഷമുള്ള ഒഴിവ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.