സ്‌ക്രൂഡ്രൈവർ കൊണ്ട് ചെവിയിൽ കുത്തി, ചങ്ങലയിട്ടു പൂട്ടി; നഗരൂരിലെ ക്രൂരതയ്ക്ക് പിന്നിൽ വിവാഹാലോചന നിരസിച്ച വൈരാഗ്യം!

തിരുവനന്തപുരം നഗരൂരിൽ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. വിവാഹാലോചന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

നഗരൂരിൽ വടശ്ശേരിക്കോണം സ്വദേശി അനിൽകുമാറിനെയും 20 വയസ്സുകാരനായ മകനെയും ക്രൂരമായി മർദിച്ച കേസിലെ മുഖ്യപ്രതി സുധീഷാണെന്ന് പൊലീസ് വ്യക്തമാക്കി.

അനിൽകുമാറിന്റെ ചെവിയിൽ സ്‌ക്രൂഡ്രൈവർ കുത്തിക്കയറ്റുകയും, നാക്കിൽ പ്ലെയർ ഉപയോഗിച്ച് അമർത്തുകയും, നഖം വലിച്ചുപറിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. പിതാവിനും മകനും നേരെ അതിക്രൂരമായ മർദനമാണ് നടന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ഇന്നലെ രാവിലെയാണ് മേസ്തിരിപ്പണി ചെയ്യുന്ന അനിൽകുമാറിനെ ജോലിയുടെ പേരിൽ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവിടെവച്ച് ചങ്ങലകൊണ്ട് ബന്ധിച്ചശേഷം മർദിച്ചതായാണ് വിവരം.

തുടർന്ന് അനിൽകുമാറിന് അപകടം സംഭവിച്ചുവെന്ന് പറഞ്ഞ് മകനെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി. എത്തിയ മകനെയും പ്രതികൾ ആക്രമിച്ചു.

മർദനമേറ്റ യുവാവ് വർ‍ക്കല പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ സ്‌ഫോടകവസ്തുക്കളടക്കം കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും സുധീഷാണ് സംഘത്തിന് നേതൃത്വം നൽകിയതെന്നും അനിൽകുമാർ പൊലീസിന് മൊഴി നൽകി. ആക്രമണം നടന്ന വീടിന്റെ ഉടമയുടെ ചെറുമകനാണ് സുധീഷ്.

ഒരു വർഷം മുൻപ് അനിൽകുമാറിന്റെ മകളെ വിവാഹം കഴിക്കാൻ സുധീഷ് ആലോചന നടത്തിയിരുന്നെങ്കിലും കുടുംബം അത് നിരസിച്ചിരുന്നു. അതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

spot_img

Related news

ആശുപത്രികൾ രോഗിസൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. തുടർച്ചയായ...

പൊലീസ് സ്റ്റേഷനിൽ കയറി പ്രതികളെ ഇറക്കാൻ ശ്രമിച്ച സി.ഐ പിടിയിൽ

സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ച സി.ഐ .കസ്റ്റഡിയിൽ. നെടുമങ്ങാട് പൊലീസ്...