പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി.
കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഏറെ സന്തോഷകരമായ വിധിയാണെന്നും പ്രതിയായ കെ പത്മരാജൻ ആദ്യം പോക്സോ കുറ്റത്തിലെ തടവ് അനുഭവിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
മരണം വരെ ജീവപര്യന്തം തടവുശിക്ഷയും 1ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും (20 വർഷം വീതം) 1 ലക്ഷം പിഴയും അനുഭവിക്കണം. പ്രതിഭാഗത്തിന്റെ കെട്ടിച്ചമച്ച കേസ് എന്ന വാദത്തിൽ കഴമ്പില്ല. ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണത്തിൽ നിരാശയുണ്ടായെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി പറഞ്ഞു.
രാഷ്ട്രീയ വിവാദം കൂടിയായ കേസിൽ പരാതി വ്യാജമാണെന്നും എസ്ഡിപിഐ ഗൂഢാലോചനയെന്നുമായിരുന്നു ബിജെപി ആരോപണം. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ കേസിൽ സംസ്ഥാന സർക്കാരും പ്രതിരോധത്തിൽ ആയിരുന്നു. നേരത്തെ, കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും ബിജെപി നേതാവായ കുനിയിൽ പത്മരാജനെതിരെ പൊലീസ് പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയത് വന്‍വിവാദമായിരുന്നു.
കേസിൽ പ്രതിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നു എന്ന് മുസ്ലിംലീഗും കോൺഗ്രസും പ്രചാരണം നടത്തിയിരുന്നു. 2020ൽ ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂളിലെ ബാത്ത്റൂമിൽ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.




