ഇന്ത്യയെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സിവില്‍ കോഡ് എന്നതിലേക്ക് മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തിനെതിരെയും യൂണിഫോം സിവില്‍ കോഡിനെതിരെയും പ്രതിപക്ഷം കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് ആവര്‍ത്തിച്ചത്.
തനിക്ക് ഭരണഘടന പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്ന് കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുമാറ്റിയത് പരാമര്‍ശിച്ച് മോദി പറഞ്ഞു. രാജ്യത്തെ ഐക്യവും അഖണ്ഡതയും കൂടുതല്‍ ഉറപ്പിക്കാന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കഴിഞ്ഞു. സര്‍ക്കാറിന്റെ നയങ്ങളും പദ്ധതികളും രാജ്യത്തിന്റെ ഐക്യത്തില്‍ ഊന്നിയാണെന്ന് മോദി പറഞ്ഞു. നരേന്ദ്രമോദി ഗുജറാത്തിലെ കെവാഡിയയിലെ സര്‍ദാര്‍ പട്ടേലിന്റെ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ശേഷം ഏകതാ പ്രതിജ്ഞ ചൊല്ലിയ പ്രധാനമന്ത്രി വിവിധ സേനാ വിഭവങ്ങള്‍ നടത്തിയ രാഷ്ട്രീയ ഏകത ദിവസ് പരേഡും വീക്ഷിച്ചു.