കോഴിക്കോട്: കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അബ്ദുറഹിമാനാണ് പിടിയിലായത്. ഒരു ലിറ്റർ വീതമുള്ള പത്ത് കുപ്പി മദ്യമാണ് ഇയാൾ പുറത്തേക്ക് കടത്താൻ ശ്രമിച്ചത്. വിദേശയാത്ര കഴിഞ്ഞ് വരുന്നവർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മാത്രമാണ് മദ്യം നൽകാറുള്ളത്. എന്നാൽ അബ്‌ദുറഹ്മാൻ വിദേശത്ത് നിന്ന് വന്നയാളായിരുന്നില്ല. ഇയാൾ മദ്യം വാങ്ങാൻ മാത്രമായാണ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെത്തിയത്. ഇവിടെ നിന്ന് 10 കുപ്പി മദ്യം വാങ്ങി പുറത്തേക്ക് വന്നപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വില കൂടിയ മദ്യമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. മദ്യം ഉയർന്ന വിലയ്ക്ക് പുറത്ത് വിൽക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.