ഓണക്കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും അഞ്ചുകിലോ അധികം അരി വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയില്‍ ഇതടക്കം നിരവധി വിഷയങ്ങള്‍ ഉന്നയിച്ചു. ആവശ്യമായ നടപടി കേന്ദ്രം ഉറപ്പുനല്‍കി. ടൈഡ് ഓവര്‍ ഇനത്തില്‍ ലഭിക്കേണ്ട ഗോതമ്പ് വിഹിതം അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗോയല്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
റേഷന്‍ കടകളുടെ വിസ്തൃതി കൂട്ടല്‍, ഈ പോസും ത്രാസും തമ്മില്‍ ബന്ധിപ്പിക്കല്‍ എന്നിവയും ചര്‍ച്ചയായി. ഇതിനായി ചെലവുവരുന്ന 32 കോടിയുടെ പകുതി കേന്ദ്രം നല്‍കണമെന്ന ആവശ്യത്തോട് ഒരു സംസ്ഥാനത്തിനുമാത്രം സഹായം നല്‍കാനാകില്ലെന്നായിരുന്നു ഗോയലിന്റെ മറുപടി. മറിച്ച് ബന്ധിപ്പിക്കല്‍ നടത്തി ഒരു ക്വിന്റല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന രണ്ട് രൂപ എന്നത് മൂന്ന് രൂപയായി ഉയര്‍ത്തുന്നത് പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ഇ പോസ് മെഷീനിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എന്‍ഐസി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനമായി.