കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ 63 വിദ്യാർഥികൾ പഠിക്കുന്ന കരിമ്പാലക്കുന്ന് സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ഇന്നലെ ഹാജർ ആയത് വെറും 6 വിദ്യാർഥികൾ മാത്രം. ഇന്നലെ മാത്രമല്ല, ഒരാഴ്ചയായി ഇതാണു നില. മഴക്കെടുതിയോ വന്യമൃഗ ഭീതിയോ അല്ല, കാരണം പൊലീസ് വാഹനങ്ങളാണ്. കഴിഞ്ഞ 21നു ഫ്രഷ് കട്ട് കോഴി അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരത്തിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾക്കായി പൊലീസ് രാപകൽ പരിശോധന നടത്തുകയാണ് ഇവിടെ.
കരിമ്പാലക്കുന്നിൽ നിന്നുള്ളവരാണ് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിലെ കുട്ടികളിലധികവും. കരിമ്പാലക്കുന്നിനു പുറത്തുള്ളവരുടെയും അധ്യാപകരുടെയും കുട്ടികളാണ് ഇന്നലെ സ്കൂളിലെത്തിയ 5 വിദ്യാർഥികൾ. കുട്ടികളെ സ്കൂളിലെത്തിച്ചിരുന്നതും തിരികെ കൊണ്ടുപോയിരുന്നതും മുതിർന്നവരായിരുന്നു. പൊലീസിനെ ഭയന്ന് മുതിർന്നവർ ഒളിവിൽ പോയതോടെയാണ് ഈ നിലയുണ്ടായത്.
പൊലീസും അവരുടെ വാഹനങ്ങളും കരിമ്പാലക്കുന്ന് കേന്ദ്രീകരിച്ചു വന്നുപോകുന്നതും വീടുകളിൽ പരിശോധന നടത്തുന്നതും മൂലം കുട്ടികൾ വീടുകളിൽനിന്നു പുറത്തിറങ്ങാൻ കൂട്ടാക്കുന്നില്ല. സ്കൂളിന്റെ അവസ്ഥ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അനുമതി നൽകിയാൽ കുട്ടികൾക്ക് ഓൺലൈനായി ക്ലാസ് നൽകുമെന്നും പ്രധാനാധ്യാപിക ഡെയ്‌സിലി മാത്യു പറഞ്ഞു. പൊലീസിനെ ആക്രമിച്ചതും ഫാക്ടറിക്കും വാഹനങ്ങൾക്കും തീയിട്ടതുമുൾപ്പെടെ 8 കേസുകളിലായി നാനൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.




