കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ എക്സൈസ് നീക്കം. സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിലെ കണ്ടെത്തൽ.
അപകടത്തിന് മുമ്പ് മൂന്ന് ബാറുകളിൽ കയറി സുഹൈൽ മദ്യപിച്ചിരുന്നതായാണ് വിവരം. നെടുമ്പാശ്ശേരിയിലെ ഒരു ബാറിൽ മാത്രം മദ്യത്തിനായി 4,396 രൂപ ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്. സുഹൈലിനെ വീണ്ടും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് എക്സൈസിന്റെ നീക്കം. ഇയാൾക്ക് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് ബാറുകൾക്കെതിരായ നടപടികളും പുരോഗമിക്കുകയാണ്.
അതേസമയം, സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പും മുന്നോട്ടുപോകുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ പരിശോധന പൂർത്തിയായിട്ടുണ്ട്. വാഹനത്തിന് എന്തെങ്കിലും തകരാറുണ്ടായിരുന്നോ, അത് അപകടത്തിന് കാരണമായോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നാണ് വിവരം.
സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. നിരപരാധിയാണെന്നും അമിതവേഗത്തിലല്ല വാഹനം ഓടിച്ചതെന്നുമാണ് സുഹൈലിന്റെ ജാമ്യാപേക്ഷയിലെ വാദം. ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.




