മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ന്റെ സർവീസ് റോഡുകൾ ‘വൺ വേ’ ആക്കി മാറ്റാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിൽ തീരുമാനമായി. സർവീസ് റോഡുകളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സർവീസ് റോഡുകൾ തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാൻഡുകൾ, വാഹന പാർക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു. ഓട്ടോറിക്ഷ സ്റ്റാൻഡുകളുടെ പുനഃക്രമീകരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
♦️ ഹൈവേ ഗതാഗത നിയന്ത്രണങ്ങൾ:
➖➖➖➖➖➖➖➖➖
- ഹൈവേയിൽ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ദീർഘദൂര ബസ്സുകൾ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ.
- സർവീസ് റോഡിൽ സ്റ്റേജ് കാരിയേജ് ബസ്സുകൾ സർവീസ് റോഡുള്ള ഭാഗങ്ങളിൽ അത് വഴി മാത്രമേ പോകാവൂ എന്നും നിർദിഷ്ട സ്റ്റോപ്പുകളിൽ മാത്രമേ നിർത്താവൂ എന്നും നിർബന്ധമാക്കി.
- ദേശീയപാതയിൽ ബസ്സുകൾ നിർത്തുകയോ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്.
- റോഡ് ഉദ്ഘാടനം ചെയ്യുന്നതോടെ ഹൈവേയിലെ ക്യാമറകൾ പരിശോധിച്ച് നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും.
- ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് തടസ്സമാകുന്ന രീതിയിൽ റോഡരികിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ, ബാനറുകൾ, പെട്ടിക്കടകൾ, മറ്റ് കച്ചവട സ്ഥാപനങ്ങൾ എന്നിവ ഉടൻ നീക്കം ചെയ്യണം.




