ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെതിരെ പോക്സോ കേസ്. അഞ്ച് മാസം ഗർഭിണിയായ 17 വയസ്സുകാരി കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയതോടെയാണ് പീഡന വിവരം പുറത്തായത്. സംഭവത്തിൽ, യുവാവിനെതിരെ പോക്സോ, പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നാണ് ഹരിപ്പാട് താമല്ലാക്കൽ സ്വദേശിയായ 23-കാരന്റെ വീട്ടിലേക്ക് പെൺകുട്ടി നേരിട്ടെത്തിയത്.
അമ്പരന്ന വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഹരിപ്പാട് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. പെൺകുട്ടി നൽകിയ മൊഴിയിലാണ് പീഡനവിവരം വെളിപ്പെട്ടത്. 2023-ൽ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. തുടർന്ന്, ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു.
ഇതിനുശേഷം ബെംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെവെച്ചും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. സംഭവത്തെ തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവിനെതിരെ പോക്സോ, പട്ടികജാതി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.




