തിരുവനന്തപുരം: മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ജീവൻ വെടിഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ മക്കളുടെ വിദ്യാഭ്യാസം ഇനി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും ഏറ്റെടുക്കും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയിലൂടെയാണ് കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലോകവ്യാപക രക്തദാന ക്യാമ്പയിന്റെ ഭാഗമായി എംജിഎം ഗ്രൂപ്പിലെ 7,500 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ‘ജീവാമൃതം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ ചെറുപുഴപ്പുഴയിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 36കാരനായ രാജേഷ് അപകടത്തിൽപ്പെട്ടത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷിന്റെ മരണത്തോടെ ഭാര്യയും മക്കളും കടുത്ത പ്രതിസന്ധിയിലായിരുന്നു.
കുടുംബത്തെ സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കിയ രമേശ് ചെന്നിത്തല, കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനായി എംജിഎം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ വൈസ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കുട്ടികളുടെ പഠനം പൂർണമായും ഏറ്റെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു.
എംജിഎം ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നഴ്സറി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ, കുട്ടികൾക്ക് താൽപര്യമുള്ള കോഴ്സുകളിൽ പഠനം തുടരുന്ന കാലമത്രയും സൗജന്യ വിദ്യാഭ്യാസമാണ് ‘വിദ്യാമൃതം’ പദ്ധതിയിലൂടെ ലഭിക്കുക.
രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായ മമ്മൂട്ടിയെയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനെയും എംജിഎം ഗ്രൂപ്പിനെയും രമേശ് ചെന്നിത്തല അഭിനന്ദിച്ചു.




