മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച സിനിമയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. കല്യാങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ഡൊമനിക് അരുൺ വാർത്തെടുത്ത ലോകയുടെ ലോകം കൂടുതൽ വലുതാകാൻ പോവുകയാണ്. അതേ മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ലോക 2 അനൗൺസ് ചെയ്തിരിക്കുകയാണ് നിർമാതാവും നടനുമായ ദുൽഖർ സൽമാൻ. ഏതാനും മണിക്കൂർ മുൻപ് പുറത്തുവിട്ട അനൗൺസ്മെന്റ് ടീസർ സോഷ്യൽ മീഡിയയിൽ ഒന്നാകെ ചർച്ചാവിഷയം ആയിരിക്കുകയാണ്.
ചാത്തന്റെ കഥയാകും അടുത്ത് വരാനിരിക്കുന്നതെന്ന് ചന്ദ്രയുടെ അവസാനം തന്നെ സൂചനകൾ നൽകിയിരുന്നു. ഇത് ഊട്ടി ഉറപ്പിച്ചാണ് പുതിയ ടീസറും വന്നിരിക്കുന്നത്. ടൊവിനോ തോമസ് ആണ് ചിത്രത്തിൽ ചാത്തനായി എത്തുന്നത്. ചന്ദ്രയിൽ മൈക്കിൾ എന്നായിരുന്നു ടൊവിനോയുടെ കഥാപാത്ര പേര്. ഇയാളുടെ ചേട്ടന്റെ കഥയാണ് രണ്ടാം ഭാഗം പറയുന്നത്. ഒപ്പം ദുൽഖർ അവതരിപ്പിക്കുന്ന ചാർളി എന്ന ഒടിയനും രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന സൂചനയും ടീസർ നൽകുന്നുണ്ട്. കൂടാതെ ചാത്തൻ vs ചാത്തൻ ഫൈറ്റും കാണാൻ സാധ്യതയുണ്ട്. അതായത് ടൊവിനോ ഡബിൾ റോളിലാകും. ടൊവിനോയും ദുൽഖറും തമ്മിലുള്ളൊരു ഫൈറ്റിനും സാധ്യതയും ഏറെയാണ്. ലോക സീരീസിന്റെ മൂന്നാം ഭാഗം ഒരുപക്ഷേ ഒടിയന്റേതും ആകാം.
എന്തായാലും ലോക 2ന്റെ കോമഡിയും ഇൻട്രസ്റ്റിങ്ങുമായിട്ടുള്ള അനൗൺസ്മെന്റ് പ്രേക്ഷകർ ഇരുകയ്യും നീട്ടി തന്നെ സ്വീകരിച്ചു കഴിഞ്ഞു. “മലയാളത്തിൽ നിന്നും ഒരു കിടിലൻ യൂണിവേഴ്സ്, ലോകത്തിനു മുന്നിൽ വെക്കുന്നു. ഇതാണ് മലയാള സിനിമ. കാത്തിരിക്കുന്നു ലോക ടീമിന്റെ ആറാട്ടിനായി, ഈ പടം ഇറങ്ങുമ്പോൾ കത്തും എന്നു പറയുന്നില്ല കാരണം ഇപ്പോൾ തന്നെ കത്തി പടർന്നുകൊണ്ടിരിക്കുകയാണ്, നീലി ഇനി കരക്കിരുന്നോളൂ.. ഇത് കുട്ടിയോൾക്കുള്ള കളിയല്ല.. ഇനി ചേട്ടന്മാർ ഒന്ന് കളിക്കട്ടെ”, എന്നിങ്ങനെ പോകുന്നു പ്രേക്ഷക കമന്റുകൾ. അതേസമയം, സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം 282.5 കോടി രൂപയാണ് ലോക ഇതുവരെ നേടിയിരിക്കുന്നത്.