തിരുനാവായ: കേരള കുംഭമേളയ്ക്കു നാളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊടിയുയർത്തും. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽനിന്ന് ഇന്നു ഘോഷയാത്രയായി എത്തിക്കും. തിങ്കളാഴ്ച രാവിലെ പതിനൊന്നിനാണ് ഗവർണർ തിരുനാവായയിൽ എത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാർ നിളാ സ്നാനത്തിനായി തിരുനാവായയിൽ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരിൽ കുംഭമേള നടക്കുന്നത്. തമിഴ്നാട്ടിലെ ത്രിമൂർത്തി മലയിൽനിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും നാളെ തിരുനാവായയിലേക്കു പുറപ്പെടും.
ഇന്ന് മൗനി അമാവാസി ദിനത്തിൽ തിരുനാവായയിൽ കാലചക്രം – ബലി എന്ന പൂജ നടക്കും. വൈകിട്ട് ആറു മുതൽ രാത്രി 11 വരെയാണ് പൂജ. ആചാര്യൻ കുഞ്ഞിരാമൻ പണിക്കരാണ് നേതൃത്വം നൽകുന്നത്. പര എന്ന ദേവതാ ഭാവത്തെ പ്രോജ്വലിപ്പിക്കുന്ന ആരാധനാ സമ്പ്രദായമാണിതെന്നു ചടങ്ങുകൾക്കു നേതൃത്വം നൽകുന്ന സ്വാമി അഭിനവ ബാലാനന്ദ ഭൈരവ പറഞ്ഞു. നൂറിലേറെ വർഷങ്ങൾക്കു ശേഷമാണ് നിളാതീരത്ത് ഈ പൂജ നടക്കുന്നത്. ഇന്നു രാവിലെ ആറു മുതൽ ശ്മശാന ശ്രാദ്ധം എന്ന പിതൃകർമം നടന്നു. ഐവർമഠത്തിലെ ആചാര്യൻ കോരപ്പത്ത് രമേശാണ് നേതൃത്വം നൽകുന്നത്.
ഇന്നലെ തിരുനാവായയിൽ വേദശ്രാദ്ധ കർമം നടന്നു. ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് ആചാര്യനായി. കൂശ്മാണ്ഡി ഹോമവും ഇന്നലെ നടത്തി. യജുർവേദ മന്ത്രങ്ങളോടെയാണ് കൂശ്മാണ്ഡി ഹോമം നടത്തിയത്. ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നേതൃത്വം നൽകി.
നാളെ മുതൽ നവകോടി നാരായണ ജപാർച്ചന തുടങ്ങും. ക്ഷേത്രങ്ങളിൽനിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികൾക്കു മാഘവൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നൽകും. വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വൽ സദസ്സുകളും കളരി യോഗ അനുഷ്ഠാനങ്ങളും കലാവതരണങ്ങളും മേളയുടെ ഭാഗമായി നടക്കും. ഇന്ന് മൗനി അമാവാസി ദിനത്തിലും നാളെ മാഘപ്രതിപദത്തിലും 22ന് ഗണേശ ജയന്തിക്കും 23ന് വസന്ത പഞ്ചമിക്കും 25ന് രഥ സപ്തമിക്കും 26ന് ഭീഷ്മാഷ്ടമിക്കും 27ന് മഹാനന്ദാനവമിക്കും 28ന് ഗുപ്തവിജയദശമിക്കും 29ന് ജയ ഏകാദശിക്കും ഫെബ്രുവരി ഒന്നിന് തൈപ്പൂയത്തിനും മൂന്നിന് മകത്തിനും പ്രത്യേക പൂജകൾ നടക്കും.




