ബെംഗളൂരുവില്‍ മലയാളി സിഇഒ ഉള്‍പ്പെടെ രണ്ടു പേരെ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വാളിനു വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്‌സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തില്‍ ആര്‍.വിനുകുമാര്‍ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരെയാണു ചൊവ്വാഴ്ച വൈകിട്ട് മുന്‍ ജീവനക്കാരന്‍ ജെ.ഫെലിക്‌സ് വെട്ടിക്കൊന്നത്. ഫെലിക്‌സിനെയും മറ്റു മൂന്നു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ടിക് ടോക് താരമായ ഫെലിക്‌സിനു ‘ജോക്കര്‍ ഫെലിക്‌സ്’ എന്നാണു സമൂഹമാധ്യമങ്ങളിലെ വിശേഷണം. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍പ്പോയിരുന്നു. മുഖത്തു ടാറ്റൂ ചെയ്ത്, മുടിയില്‍ ചായം പൂശി, കാതില്‍ സ്വര്‍ണകമ്മലിട്ട്, മഞ്ഞക്കണ്ണട ധരിച്ചുള്ള ഫെലിക്‌സിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വന്തമായി കമ്പനി തുടങ്ങണമെന്ന ആഗ്രഹത്തോടെയാണ് ഇയാള്‍ എയറോണിക്‌സിലെ ജോലി അവസാനിപ്പിച്ചത്.
ദേഹമാകെ ചായം പൂശി, കണ്ണുകളില്‍ കറുത്ത നിറവും വായയില്‍ രക്തനിറവും വരച്ചുചേര്‍ത്ത് ‘ജോക്കര്‍’ ശൈലിയിലുള്ള ചിത്രം ഇയാള്‍ പങ്കുവച്ചിരുന്നു. തന്റെ ബിസിനസിനു വലിയ വെല്ലുവിളിയാകുമെന്നു മനസ്സിലായതോടെ എയറോണിക്‌സ് എംഡി ഫണീന്ദ്ര സുബ്രഹ്മണ്യനെ വകവരുത്താന്‍ ഫെലിക്‌സ് പദ്ധതിയിട്ടിരുന്നതായാണു സൂചന. ഇന്‍സ്റ്റഗ്രാമിലും സജീവമായിരുന്ന ഫെലിക്‌സ്, കൊലപാതകത്തിന് 9 മണിക്കൂര്‍ മുന്‍പ് ഇതേപ്പറ്റി ഇന്‍സ്റ്റ സ്‌റ്റോറിയില്‍ സൂചന നല്‍കി.