മലപ്പുറം: തവനൂർ സീറ്റ് മുസ്‌ലിം ലീഗുമായി കോൺഗ്രസ് വെച്ച് മാറുന്നതിനെതിരെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ. മലപ്പുറത്തെ കോൺഗ്രസിന്റെ ശക്തിയും പ്രാധാന്യവും അനുസരിച്ച് കോൺഗ്രസിന് കൂടുതൽ സീറ്റുകൾക്ക് അർഹത ഉണ്ട്. കെ കേളപ്പജിയുടെയും കോൺഗ്രസിന്റെയും ചരിത്രമുറങ്ങുന്ന മണ്ണാണ് തവനൂർ. ജാതി മത ചിന്തകൾക്ക് അതീതമായി മതേതര ആശയം മുന്നോട്ട് വെക്കുന്ന കോൺഗ്രസ് മലപ്പുറത്ത് ചുരുങ്ങിപ്പോകുന്നത് നമ്മുടെ നാടിന്റെ സെക്കുലറിസത്തിന് എത്ര ഗുണകരമാകും എന്ന് നേതൃത്വം ആലോചിക്കേണ്ടതാണെന്നും കുറിപ്പിൽ പറയുന്നു.
മലപ്പുറത്ത് അധികം സീറ്റുകൾ വേണമെന്ന് ആവശ്യപ്പെടാത്തത് യുഡിഎഫിന്‍റെ കെട്ടുറപ്പിന് വേണ്ടിയാണ്, എന്നാൽ കോൺഗ്രസിന്‍റെ നാല് സീറ്റുകളിൽ ഒന്ന് നഷ്ടപ്പെടുത്തിയാൽ അതിന് കാലം കണക്ക് ചോദിക്കാതെ കടന്നുപോകില്ലെന്നും കുറിപ്പിൽ പറയുന്നു.
ഹാരിസ് മുതൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കേരളത്തിലെ ജില്ലകളിൽ ഏറ്റവും അധികം നിയമസഭ മണ്ഡലങ്ങളുള്ളത് മലപ്പുറം ജില്ലയിലാണ്,16 നിയമസഭ മണ്ഡലങ്ങൾ.അതിൽ 12 നിയോജക മണ്ഡലങ്ങളിൽ മുസ്ലിംലീഗും 4 നിയമസഭ മണ്ഡലങ്ങളിലാണ് ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ് മത്സരിക്കുന്നത്, കോൺഗ്രസ് മത്സരിക്കുന്ന നിലമ്പൂർ കോൺഗ്രസിന്റെ എക്കാലത്തെയും കരുത്തനായ നേതാവ് ആര്യാടൻ മുഹമ്മദിന്റെ മണ്ണാണ്, വണ്ടൂരിൽ കെപിസിസി യുടെ വർക്കിങ് പ്രസിഡന്റ് എ പി അനിൽകുമാർ ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ചു കൊണ്ടിരിക്കുന്നു.
കെ കേളപ്പജിയുടെയും കോൺഗ്രസിന്റെ യും ചരിത്രമുറങ്ങുന്ന തവനൂരാണ് കോൺഗ്രസ് മത്സരിക്കുന്ന മൂന്നാമത്തെ മണ്ഡലം, അത് കഴിഞ്ഞു ഇ മൊയ്തു മൗലവി യുടെയും വെളിയംകോട് ഉമർ ഖാളി യുടെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ മണ്ണായ പൊന്നാനിയുമാണ് കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങൾ. മലപ്പുറത്തെ കോൺഗ്രസിന്റെ ശക്തിയും പ്രാധാന്യവുമനുസരിച്ചു ഇനിയും സീറ്റുകൾക്ക് അർഹതയുണ്ടെങ്കിലും യുഡിഎഫിലെ ഏറ്റവും വിശ്വസ്തരായ ഘടക കക്ഷി എന്ന നിലയിലും യുഡിഎഫിന്റെ കെട്ടുറപ്പിനും മുന്നണിയെ നയിക്കുന്ന കക്ഷി എന്ന നിലയിൽ വിട്ടു വീഴ്ച ചെയ്തത് കൊണ്ടാണ് 12 സീറ്റ് മുസ്ലിംലീഗ് മത്സരിക്കുന്നത്, മാത്രമല്ല അതിനുള്ള സംഘടനാ ബലവും ആൾബലവും മുസ്ലിംലീഗിന്നുണ്ട്.എന്നാൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫിൽ നടക്കുന്ന സീറ്റ് വിഭജന ചർച്ച യുടെ ഭാഗമായി കേരള ഗാന്ധി കേളപ്പജിയുടെ ഓർമ്മകൾ ഉറങ്ങുന്ന തവനൂർ സീറ്റ് കോൺഗ്രസ് ഘടകകക്ഷി യായ മുസ്ലിംലീഗിന് നൽകുന്നു എന്ന വാർത്ത പുറത്തു വരുന്നുണ്ട്. ജാതി മത ചിന്തകൾക്ക് അതീതമായി,മതേതര ആശയം മുന്നോട്ട് വെക്കുന്ന കോൺഗ്രസ് മലപ്പുറത്ത് ചുരുങ്ങിപ്പോകുന്നത് നമ്മുടെ നാടിന്റെ സെക്കുലറിസത്തിന് എത്ര ഗുണകരമാകും എന്ന് കോൺഗ്രസ് നേതൃത്വം ആലോചിക്കേണ്ടതാണ്
മലപ്പുറത്ത് അധികം സീറ്റുകൾ ആവശ്യപ്പെടണമെന്ന് ആവശ്യപ്പെടാത്തത് യുഡിഎഫിന്റെ കേട്ടുറപ്പിനു വേണ്ടിയാണ്,എന്നാൽ കോൺഗ്രസിന്റെ 4 സീറ്റുകളിൽ ഒന്ന് നഷ്ടപ്പെടുത്തിയാൽ അതിന് കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ല എന്നോർമിപ്പിക്കട്ടെ….




