സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായിരിക്കും മഴ കൂടുതൽ ശക്തമാകുക.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരളാ തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങൾ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.




