മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അസുഖബാധിതനായി ഏറെനാള്‍ വിശ്രമത്തില്‍ ആയിരുന്നു. വൈകിട്ട് 3.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ തുടര്‍ച്ചയായി എംഎല്‍എയും രണ്ടു തവണ മന്ത്രിയമായിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്റിക്കേറ്റ് മെമ്പര്‍, ഗോശ്രീ ഐലന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു.
പികെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടര്‍ന്ന് 2005ലാണ് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. അതിനു പുറമെ തന്റെ ഭരണകാലത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും പ്രായോഗികമാക്കാനും ഇദ്ദേഹത്തിന് സാധിച്ചു.
എറണാകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളിയില്‍ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മേയ് 20ന് ജനിച്ചു. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതുപ്രവര്‍ത്തനത്തിലും വ്യാപൃതനായി. ഭാര്യ നദീറ, മൂന്ന് ആണ്മക്കള്‍ എന്നിവരടങ്ങുന്നതാണ് കുടുംബം.




