തിരുവനന്തപുരം: പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് സാങ്കേതിക തടസം. പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ സോഫ്റ്റ്വെയർ നിയന്ത്രണമാണ് വോട്ടർമാരെ വെട്ടിലാക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഫോം 6 എ പ്രകാരം വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ പാസ്പോർട്ട് വിവരങ്ങൾ നിർബന്ധമാണ്.
പഴയ പാസ്പോർട്ടുകളിൽ ഒരു ഇംഗ്ലീഷ് അക്ഷരവും ഏഴ് അക്കങ്ങളുമാണുണ്ടായിരുന്നത്. ഈ മാതൃകയിലുള്ള വിവരങ്ങളേ പോർട്ടലിൽ സ്വീകരിക്കൂ. രണ്ട് അക്ഷരങ്ങളും ആറ് അക്കങ്ങളുമുള്ള പുതിയ പാസ്പോർട്ട് നമ്പറുകൾ അപേക്ഷയോടൊപ്പം നൽകാനാകുന്നില്ല. പ്രശ്നം കേന്ദ്ര കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാദം.
വിദേശത്ത് ജനിച്ചവർക്ക് കുരുക്ക് തുടരുന്നു:
വിദേശത്ത് ജനിച്ച ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശത്തിലുള്ള കുരുക്ക് തുടരുന്നു. രക്ഷിതാക്കളുടെ പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് വോട്ടുചേർക്കാൻ നിയമപരമായി അനുവാദമുണ്ടായിട്ടും കമീഷന്റെ വെബ്സൈറ്റിൽ സാങ്കേതിക സൗകര്യം ഒരുക്കിയിട്ടില്ല. ജനിച്ച രാജ്യം രേഖപ്പെടുത്തേണ്ട കോളത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാന– കേന്ദ്രഭരണ പ്രദേശങ്ങളുടെ ഓപ്ഷൻ മാത്രമാന് ഉള്ളത്.




