തേഞ്ഞിപ്പലം: നെൽക്കൃഷിയുടെ നല്ലകാലം. വയലുകൾ പലതും പച്ചപ്പിൽ നിറഞ്ഞു. ശേഷിക്കുന്ന പലയിടത്തും നടീൽ തകൃതി. കർഷകർക്ക് വിത്തും വളവും പഞ്ചായത്തുകൾ നൽകുന്നുണ്ട്. കൂലിച്ചെലവിലേക്ക് ഹെക്ടറിന് നിശ്ചിത നിരക്കിൽ സാമ്പത്തിക സഹായവും ലഭിക്കും. കർഷകത്തൊഴിലാളികളിൽ പലരും തൊഴിലുറപ്പു തൊഴിലിലേക്ക് തിരിഞ്ഞതും ഇപ്പോൾ കർഷകരെ അലട്ടുന്നില്ല. അതിഥിത്തൊഴിലാളികൾക്ക് ഒരേക്കറിലെ ഞാറ് പറിച്ച് നടാൻ 6,500 രൂപ കൂലി നൽകിയാൽ മതി. കൊയ്യാനും മെതിക്കാനും കൊയ്ത്തുമെതി യന്ത്രം വാടകയ്ക്ക് ലഭിക്കും. മരുന്നു തളിക്കാൻ ഡ്രോൺ സേവനവും ലഭ്യം. അനുകൂല സാഹചര്യം നിലവിൽ ഏറെ ഉണ്ടെന്നത് കണക്കിലെടുത്ത് ഇപ്പോൾ പലരും നെൽക്കൃഷിക്ക് താൽപര്യം കാട്ടുന്നുണ്ട്. മഴ ചതിച്ചില്ലെങ്കിൽ കൃഷി ലാഭകരമാകും.
മഴ പെയ്തു നെല്ല് വെള്ളത്തിലായാൽ വൈക്കോൽ പോലും കിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ 100 മേനി വിളവ് ഉറപ്പാണ്. നെല്ല് വാങ്ങാൻ സപ്ലൈക്കോയുണ്ട്. മില്ലുകാരും പ്രാദേശിക കർഷകരുടെ നെല്ലിനു പ്രത്യേകം താൽപര്യം കാട്ടുന്നു. ഒരു കാലത്ത് 50% വയലും തരിശായിരുന്നു. ഇന്ന് പലയിടത്തും തരിശുനിലങ്ങൾ കുറഞ്ഞു. കൃഷിയിറക്കാൻ താൽപര്യം ഇല്ലാത്ത ഭൂവുടമകളുടെ നിലം പാട്ടത്തിനെടുത്ത് നെൽക്കൃഷി വിളയിക്കുന്ന കർഷകരുടെ എണ്ണം കൂടുന്നതു പ്രതീക്ഷയാണ്.
വയലുകൾ തരിശിടുന്നത് ഒഴിവാക്കാൻ പഞ്ചായത്തുകളും ഏറെ ശ്രദ്ധിക്കുന്നുണ്ട്. ഉപ്പുവെള്ള ശല്യമുള്ള ചില ചാലികളും മറ്റുമാണ് ഇപ്പോൾ ചെള്ളിപ്പുല്ല് നിറഞ്ഞ് വെറുതെ കിടക്കുന്നത്. കൂടുതൽ തടയണകൾ നിർമിക്കുകയും തോട് നവീകരണ ജോലികൾ പൂർത്തിയാക്കുകയും ചെയ്താൽ ശേഷിക്കുന്ന തരിശുനിലങ്ങൾ കൂടി കൃഷിയോഗ്യമാക്കി മാറ്റാനാകും. പലയിടത്തും കാട്ടുപന്നി ശല്യം രൂക്ഷമാണ്. അതു പലപ്പോഴും വിളകളുടെ നാശത്തിന് ഇടയാക്കുന്നു. അവയെ കൊല്ലാനുള്ള പദ്ധതി പലയിടത്തും ലക്ഷ്യം കാണുന്നില്ല. മഴ മാറുന്നതോടെ പച്ചക്കറിക്കൃഷിയിലേക്ക് തിരിയാനിരിക്കുന്ന കർഷകരെ പ്രധാനമായും അലട്ടുന്നത് കാട്ടുപന്നികളുടെ ശല്യമാണ്.




