വളാഞ്ചേരി: തിരുവേഗപ്പുറ പാലം നാളെ മുതൽ ഗതാഗതത്തിനായി തുറന്നു നൽകുന്നു. ഉപരിതലത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ജനുവരി ഒന്നാം തീയതി മുതൽ അടച്ചിട്ടിരുന്ന പാലമാണ്, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നാളെ രാവിലെ 6 മണിക്ക് തുറക്കുന്നത്.
കഴിഞ്ഞ 26 ദിവസമായി നാട്ടുകാരും യാത്രക്കാരും വലിയ ദുരിതത്തിലായിരുന്നു. ലൈൻ ബസുകൾ പാലത്തിന്റെ ഇരുവശങ്ങളിലുമായി യാത്രക്കാരെ ഇറക്കി മടങ്ങുകയായിരുന്നു. വളാഞ്ചേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പൂക്കാട്ടിരി, പുലാമന്തോൾ വഴി കിലോമീറ്ററുകൾ ചുറ്റിയാണ് കൊപ്പം ഭാഗത്തേക്ക് എത്തിയിരുന്നത്. ഒക്ടോബർ 31-ന് വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് വലിയ വാഹനങ്ങൾ നിരോധിച്ചിരുന്നെങ്കിലും, ജനുവരി ഒന്നോടെ പാലം പൂർണ്ണമായും അടയ്ക്കുകയായിരുന്നു.
ഹൈവേ റിസർച്ച് സംഘത്തിന്റെ പരിശോധനയ്ക്കും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന ആസൂത്രണത്തിനും പിന്നാലെയാണ് ഇപ്പോൾ പണികൾ പൂർത്തിയായിരിക്കുന്നത്. നാളെ പുലർച്ചെ മുതൽ യാത്രക്കാർക്ക് ആശ്വാസമായി തിരുവേഗപ്പുറ പാലം വീണ്ടും സജീവമാകും.




